കലാരഞ്ജിനിച്ചേച്ചിയെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അത്ര മനോഹരമായ മനസ്സുള്ള ഒരു വ്യക്തിത്വമാണ്. ചേച്ചിയോടൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടുക എന്നതുതന്നെ നമുക്ക് ലഭിച്ച വലിയൊരു ഭാഗ്യമാണ്.... - ശ്രുതി സുരേഷ്
Highlights
ജൂണ്‍ എന്ന അഹമ്മദ് കബീര്‍ ചിത്രത്തില്‍ തുടങ്ങി ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ച കലാകാരിയാണ് ശ്രുതി സുരേഷ്. ഇപ്പോള്‍ ആ യാത്ര മോഹിനിയാട്ടത്തില്‍ എത്തിനില്‍ക്കുന്നു. സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ഭര്‍ത്താവ് ഗോപനുമൊത്ത് പല പദ്ധതികളും മെനയുന്ന ഭരതനാട്യത്തിലെ ശ്രീകലയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. മോഹിനിയാട്ടത്തിലൂടെ ശ്രീകല രണ്ടാംവരവ് നടത്തുമ്പോള്‍ ശ്രുതിക്ക് അതിനെക്കുറിച്ച് പറയാനുള്ളത് എന്താണെന്ന് കേട്ടാലോ...
കലാരഞ്ജിനി, സായ്കുമാര്‍ ഇവര്‍ക്കൊപ്പമുള്ള അനുഭവം എങ്ങനെ ഉണ്ടായിരുന്നു?
കലാരഞ്ജിനിച്ചേച്ചിയെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അത്ര മനോഹരമായ മനസ്സുള്ള ഒരു വ്യക്തിത്വമാണ്. ചേച്ചിയോടൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടുക എന്നതുതന്നെ നമുക്ക് ലഭിച്ച വലിയൊരു ഭാഗ്യമാണ്. കാരണം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം പോലൊരു സിനിമയൊന്നും നമുക്ക് ഒരിക്കലും മറക്കാന്‍ സാധ്യതയില്ലല്ലോ. എങ്കിലും, ആദ്യമായി അഭിനയിക്കാന്‍ പോയപ്പോള്‍ ഒരു ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, ആദ്യഷോട്ട് കഴിഞ്ഞതും അടുത്ത് പിടിച്ചിരുത്തി വര്‍ത്തമാനം പറയാന്‍ തുടങ്ങി. ഇന്ന് എന്‍റെ ഏത് സന്തോഷവും സങ്കടവും തുറന്നുപറയാന്‍ സാധിക്കുന്ന അഞ്ച് ആളുകളെ എടുത്താല്‍ അതിലൊന്ന് കലാരഞ്ജിനി ചേച്ചിയായിരിക്കും.
സായ്കുമാര്‍സാറും അങ്ങനെതന്നെയാണ്. ആദ്യമൊക്കെ പേടിയുണ്ടായിരുന്നെങ്കിലും, മോനെ, മോളെ എന്നൊക്കെ വിളിച്ച് നമ്മളെ ചേര്‍ത്ത് പിടിക്കുന്ന ഒരു സ്വഭാവമാണ് അദ്ദേഹത്തിന്‍റേതും. ഭരതനാട്യത്തിന്‍റെ ക്രൂ മുഴുവനുള്ള ഒരു ഗ്രൂപ്പ് ഉണ്ട്. അതില്‍ അപ്ഡേറ്റുകള്‍ വരുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം സ്റ്റിക്കര്‍ ഒക്കെ അയച്ച്, രസകരമായി സംസാരിക്കുന്ന, പൂക്കി വൈബുള്ള ആളാണ് സായ്കുമാര്‍ സാര്‍.
മറ്റുപ്രോജക്ടുകളെക്കുറിച്ച്?
ആട് 3 യില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചു. പിന്നെ, ഫ്രൈഡേ ഫിലിം ഹൗസിന്‍റെ തന്നെ ഇന്ദ്രജിത്ത് സുകുമാരന്‍ ലീഡ് റോളില്‍ എത്തുന്ന സിനിമയിലും ഒരു വേഷം ചെയ്യുന്നുണ്ട്.
കരിക്കിലൂടെയാണ് ശ്രുതിയെ എല്ലാവരും ആദ്യം ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ കരിക്ക് ആദ്യ സിനിമയ്ക്ക് ഒരുങ്ങുകയാണ്. അതില്‍ ശ്രുതിയെ പ്രതീക്ഷിക്കാമോ?
ഇതിനെക്കുറിച്ചാണ് ഞാനും എവിടെപ്പോയാലും ആദ്യം കേള്‍ക്കുന്നത്. അതിനുള്ള ഉത്തരം ഇപ്പോള്‍ എന്‍റെ കയ്യില്‍ ഇല്ല. അവരാണ് അത് ഒഫീഷ്യലി പറയേണ്ടത്, അത് പറയുക തന്നെ ചെയ്യും. പിന്നെ, 2019 ല്‍ തുടങ്ങിയ ജേണിയാണ് കരിക്കിനൊപ്പം. 2026 ല്‍ എത്തി നില്‍ക്കുമ്പോള്‍ അവരോടൊപ്പം ഇപ്പോഴും സഞ്ചരിക്കാന്‍ സാധിക്കുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്. എവിടെപ്പോയാലും ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് കരിക്കിലെ കുട്ടി എന്ന ലേബലിലാണ്. മോഹിനിയാട്ടത്തിന്‍റെ സെറ്റിലും, സുരാജേട്ടന്‍ പോലും, കരിക്കിലെ പരിപാടികള്‍ കാണാറുണ്ട്. രസമാണ് എന്നൊക്കെ പറയുമ്പോള്‍ വലിയ സന്തോഷമാണ്. കരിക്കിനോടും നിഖില്‍ പ്രസാദിനോടും വലിയ നന്ദിയുണ്ട്. അവരുടെ സിനിമയില്‍ ഞാനുണ്ടാകുമോ എന്നറിയില്ല, ഉണ്ടെങ്കില്‍ സന്തോഷം.
സിനിമായാത്ര തുടങ്ങിയതിനെക്കുറിച്ച് കൂടെ പറയാമോ?
വളരെ യാദൃച്ഛികമായി സിനിമയിലേക്ക് എത്തിപ്പെട്ട ഒരാളല്ല ഞാന്‍. ഒരുപാട് സ്വപ്നം കണ്ട്, സ്ട്രഗിള്‍ ചെയ്ത് സിനിമയില്‍ എത്തിപ്പെട്ടതാണ്. കുട്ടിക്കാലം മുതലേ ആരാകണം എന്ന ചോദ്യത്തിന്, എനിക്കൊരു സിനിമാനടിയാകണം, സെലിബ്രിറ്റിയാകണം എന്നുതന്നെയാണ് ചെറുപ്പം മുതലേ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്‍റെ ആദ്യ സിനിമയായ ജൂണില്‍ ശ്രീലക്ഷ്മി സെല്‍ഫ് ഇന്‍ട്രൊഡക്ഷനില്‍ പറയുന്നത് ഞാനെന്‍റെ സ്വന്തം ജീവിതത്തില്‍ പറഞ്ഞിട്ടുള്ളതാണ്. അതിനുശേഷം ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍ പറ്റി. ഏറ്റവും കൂടുതല്‍ ഞാന്‍ അഭിനയിച്ചിട്ടുള്ള സെലിബ്രിറ്റി സൈജു കുറുപ്പായിരിക്കും. ജനമൈത്രി എന്ന സിനിമയില്‍ ചെറിയൊരു റോളില്‍ തുടങ്ങിയതാണ് സൈജു ചേട്ടനുമൊത്തുള്ള സിനിമ പ്രയാണം. അതിപ്പോള്‍ മോഹിനിയാട്ടത്തില്‍ എത്തിനില്‍ക്കുന്നു. അഞ്ചില്‍ കൂടുതല്‍ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത സിനിമയിലും അഭിനയിക്കാന്‍ പറ്റി. അങ്ങനെയൊക്കെയാണ് പരിപാടികള്‍.