നൃത്തം ജീവിതം സിനിമ -മൂണ്‍വാക്ക് സിനിമയുടെ സംവിധായകന്‍ വിനോദ് എ.കെ
മൂണ്‍വാക്ക് ഒടിടിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍ സംവിധായകന്‍ വിനോദ് എ.കെ പങ്കുവയ്ക്കുന്നു...
മൂണ്‍വാക്ക് പറഞ്ഞ രാഷ്ട്രീയം
മൂണ്‍വാക്ക് തീയേറ്ററില്‍ എത്തിയപ്പോള്‍ നല്ല പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഒടിടിയില്‍ എത്തിയപ്പോഴും സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. സിനിമ കണ്ടുവിളിക്കുന്ന മിക്കവരും സിനിമയിലെ കഥയുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങള്‍ പറയുകയും സിനിമകണ്ട് അവര്‍ക്ക് ലഭിച്ച നൊസ്റ്റാള്‍ജിക് ഫീലിനെക്കുറിച്ച് പങ്കുവയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതെല്ലാം വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

മൂണ്‍വാക്കിലേക്ക് എത്തുന്നത്
ഡാന്‍സുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന കുറെയധികം സുഹൃത്തുക്കള്‍ എനിക്കുണ്ട്. അതില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെയൊക്കെ അനുഭവങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അതുതന്നെയാണ് ഈ സിനിമയ്ക്ക് പുറകിലെ പ്രചോദനവും. അതായത് അത്തരം അനുഭവങ്ങളെയെല്ലാം ചേര്‍ത്ത് ഏതെങ്കിലും കാലത്ത് ഒരു വിഷ്വല്‍ കണ്ടന്‍റ് ക്രിയേറ്റ് ചെയ്യണമെന്ന താല്‍പ്പര്യം ഉണ്ടായിരുന്നു. ഞാന്‍ മുന്‍പൊരു ഡോക്യുമെന്‍ററി ചെയ്തിരുന്നു. അതും പുതിയ ഡാന്‍സേഴ്സുമായി ബന്ധപ്പെട്ടുള്ള വര്‍ക്കാണ്. പഴയ ഡാന്‍സേഴ്സ് ഒക്കെ ഇപ്പോ എന്ത് ചെയ്യുന്നു തുടങ്ങിയ പോലുള്ള പഠനം ഒക്കെയായിരുന്നു അവരുമായുള്ള ഇന്‍ട്രാക്ഷന്‍ വഴി ആ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആ പഠനത്തിന്‍റെ ഭാഗമായി ഒരു സിനിമയിലേക്കുള്ള സാധ്യത തുറന്നുകിട്ടുകയും അങ്ങനെയാണ് ഈ സിനിമയിലേക്ക് തയ്യാറെടുക്കുകയും ചെയ്തത്.
പ്രധാന കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങള്‍
മൂണ്‍വാക്കിലെ കഥാപാത്രങ്ങളെയെല്ലാം പുതുമുഖങ്ങള്‍ ആക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. സ്റ്റാര്‍ വാല്യൂ ഉള്ള ആര്‍ട്ടിസ്റ്റുകളെ അഭിനയിപ്പിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് തുടക്കത്തില്‍ അതിനായി ശ്രമിച്ചിരുന്നു. പക്ഷേ എല്ലാവരുടെയും ഡേറ്റ് ഒന്നിച്ചുകിട്ടുക പ്രയാസമായിരുന്നു. അതിന്‍റെ കൂടെ ട്രെയിനിംഗിനായി കൂടെ ഈ നടന്മാരെ കൊണ്ടുവരുക എന്നുള്ളതും വലിയ പ്രയാസമായിരുന്നു. അങ്ങനെയാണ് പുതുമുഖങ്ങളിലേക്ക് മാറുന്നത്. സ്റ്റാര്‍ വാല്യൂ ഉള്ള നടന്മാരോട് സംസാരിക്കുന്ന സമയത്തുതന്നെ മറ്റ് അഭിനേതാക്കള്‍ക്കായുള്ള ഓഡിഷന്‍ നടത്തുന്നുണ്ടായിരുന്നു. ആ ഓഡിഷനില്‍ നല്ല കഴിവുള്ള ആളുകള്‍ ഉണ്ടെന്ന് മനസ്സിലായപ്പോള്‍ പ്രധാന നടന്മാരായി പുതുമുഖങ്ങളെ കൊണ്ടുവരാമെന്നുള്ള ധൈര്യം നമുക്കും വന്നു. പിന്നെ ഈ പുതുമുഖങ്ങള്‍ക്ക് ഇടയില്‍ അറിയപ്പെടുന്ന നടന്മാരുടെ മുഖം കാണുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ മൊത്തം അറിയപ്പെടുന്ന നടന്മാരിലേക്ക് പോകും. അത് ഈ പുതിയ നടന്മാരൂടെ ഫ്രഷ്നസ് വരെ ഇല്ലാതാക്കും. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കാനായി ഞങ്ങള്‍ പുതുമുഖങ്ങളെ മാത്രമേ അഭിനയിപ്പിച്ചിട്ടുള്ളൂ.

സമയമെടുത്തുള്ള ഷൂട്ട്
പല പല ഫെയ്സ് ആയിട്ട് ഷൂട്ട് ചെയ്തുതീര്‍ക്കണം എന്നായിരുന്നു നമ്മുടെ പ്ലാനിംഗില്‍ തുടക്കം മുതലേ ഉണ്ടായിരുന്നത്. അതിന്‍റെ ഒപ്പം ചില പ്രൊഡക്ഷന്‍ ഇഷ്യൂസും കൂടി വന്നപ്പോള്‍ മുന്‍പ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സമയം വന്നു സിനിമ മുഴുമിപ്പിക്കാന്‍. പിന്നെ അഭിനയിക്കുന്നവര്‍ക്ക് ട്രെയിനിങ് ആവശ്യമായിരുന്നു. മൂന്നുനാലുമാസം അങ്ങനെ ട്രെയിനിങ്ങിന് വേണ്ടി സമയം മാറ്റിവച്ചു. അത്തരത്തില്‍ മൊത്തം കുറച്ചുസമയം എടുത്തു.
സിനിമയ്ക്കുള്ളിലെ പൊളിറ്റിക്സ്
ഈ സിനിമയിലെ പൊളിറ്റിക്സ് വളരെ സ്വാഭാവികമായി അതിന്‍റെ കഥയില്‍ ഉള്ളതാണ്. ചിലയിടങ്ങളില്‍ അത് സ്ട്രോങ് ആയി അവതരിപ്പിച്ചിട്ടുണ്ട്. അത് കഥാപാത്രങ്ങളുടെ സാഹചര്യങ്ങള്‍ ഡിമാന്‍ഡ് ചെയ്യുന്നതാണ്. അല്ലാതെ പൊളിറ്റിക്സ് പറയാനായി മനപ്പൂര്‍വ്വം ഒന്നും ചേര്‍ത്തിട്ടില്ല.
പ്രചോദനമായ ചില സംഭവങ്ങള്‍
റിയല്‍ ലൈഫില്‍ ഞാന്‍ കണ്ടിട്ടുള്ള ഡാന്‍സേഴ്സിന്‍റെ ലൈഫില്‍ പല കാര്യങ്ങളും സത്യസന്ധമായി ഈ സിനിമയിലൂടെ പറയണം എന്ന് എനിക്കുണ്ടായിരുന്നു. എന്നാല്‍ പണ്ടത്തെ ഡാന്‍സേഴ്സിന്‍റെ പിന്നീടുള്ള ലൈഫിനെക്കുറിച്ച് ഡാര്‍ക്ക് ആയി അവതരിപ്പിക്കേണ്ട എന്ന് പിന്നീട് എനിക്ക് തോന്നി. അതുകൊണ്ട് അവരുടെ ഒരു ജേര്‍ണി മാത്രമാണ് കാര്യമായി കാണിക്കാന്‍ ശ്രമിച്ചത്. അതില്‍ കൂടൂതല്‍ ഡാര്‍ക്ക് ആയിട്ടുള്ള കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. ആറുമാസങ്ങള്‍ക്കുമൂന്‍പ് ഒരു ഡാന്‍സ് മാസ്റ്റര്‍ ആത്മഹത്യ ചെയ്തു. അതുപോലെ ഈ മേഖലയില്‍ ഉള്ള 4 പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. ആ ഒരു വശത്തേക്ക് ചിന്തിച്ചാല്‍ അവരുടെ ലൈഫിനെക്കുറിച്ച് കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. പക്ഷേ അതിനെ ആ നിലയ്ക്ക് അവതരിപ്പിക്കേണ്ട എന്നുള്ള നിലയ്ക്ക് അതിലെ ഇന്‍ട്രസ്റ്റിംഗ് ആയിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് പറയാന്‍ ശ്രമിച്ചിട്ടുള്ളത്.
80-90 കാലഘട്ടങ്ങളുടെ റീക്രിയേഷന്‍
പറ്റാവുന്നിടത്തോളം ശ്രദ്ധിച്ചുകൊണ്ടാണ് ആ കാലഘട്ടത്തെ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. എന്നിട്ടും ചിലയിടങ്ങളില്‍ പാളി പ്പോയിട്ടുണ്ട്. അറിയാവുന്ന മനുഷ്യര്‍ക്ക് അത് കണ്ടാല്‍ മനസ്സിലാവുകയും ചെയ്യും. ഇതെല്ലാം സാമ്പത്തികത്തെ അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്നതുകൊണ്ട് ചിലയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതേസമയം തന്നെ സിനിമ ആളുകളിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം വരെയ്ക്കും പല കാര്യങ്ങളും പിന്നെയും പിന്നെയും ശരിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ ഇത്തരത്തില്‍ കാലഘട്ടങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഉറപ്പായും അതൊരു വെല്ലുവിളി തന്നെയാണ്. ഇന്നില്ലാത്ത തരത്തിലുള്ള ട്രാഫിക് ലൈറ്റുകളും സിഗ്നലുകളും വീടുകളും എല്ലാം കൊടുക്കേണ്ടി വരും. അതാ കാലഘട്ടം ഡിമാന്‍ഡ് ചെയ്യുന്നതാണ്. അതെല്ലാം ഉണ്ടാക്കിയെടുക്കുക എന്നത് വെല്ലുവിളിയാണ്. പിന്നെ നമ്മുടെ എല്ലാ ഡിപ്പാര്‍ട്ട്മെന്‍റ്സും ഒരുമിച്ച് നിന്നത് കാരണം കാര്യങ്ങളെല്ലാം നടന്നു.

ഭാഷയും കഥാപരിസരവും
കഥ നടക്കുന്നത് തിരുവനന്തപുരത്ത് ആയത് കാരണം ഭാഷയും അവിടുത്തെ ഭാഷ തന്നെ ആകണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ കാസ്റ്റിംഗ് കോള്‍ പൂര്‍ത്തീകരിക്കുന്ന സമയത്തുപോലും തിരുവനന്തപുരത്തുള്ള ആളുകളെ അന്വേഷിച്ചുകൊണ്ടാണ് നമ്മള്‍ പരസ്യം കൊടുത്തത്. അതായത് മറ്റൊരു നാട്ടുകാരനെ കൊണ്ടുവന്ന് ഭാഷ പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനേക്കാള്‍ എളുപ്പം തിരുവനന്തപുരത്തുള്ള ആളുകള്‍ തന്നെയാണ്. അതും ഡാന്‍സ് അറിയുന്നവരെ തന്നെയാണ് സെലക്ട് ചെയ്തത്. പിന്നെ ആര്‍ട്ടിസ്റ്റുകളെ സെലക്ട് ചെയ്തതിനുശേഷം ഒരു മൂന്നാല് ദിവസം അവര്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അങ്ങനെ കഥാപാത്രങ്ങളായി മാറാന്‍ എല്ലാവരും ഒരുപോലെ എഫര്‍ട്ട് എടുക്കുകയായിരുന്നു.
സിനിമയിലേക്കുള്ള യാത്ര
വര്‍ഷങ്ങളായി പരസ്യചിത്രങ്ങള്‍ ചെയ്യുമായിരുന്നു. അതെന്‍റെ ഉപജീവനമായിരുന്നു. പിന്നെ സിനിമ മനസ്സില്‍ ഉള്ളതുകൊണ്ട് ഫിലിം മെയ്ക്കിങ്ങിലേക്ക് തിരിഞ്ഞു. അത്രതന്നെ.