Tuesday, 23 June 2026 | 10:43 PM

Interviews

Work-Life Balance in cinema -Swathi

അജയ്കുമാര്‍ 05 May 2026 12:30 PM
Work-Life Balance in cinema -Swathi

തൊണ്ണൂറുകളില്‍ വിജയ്, അജിത് എന്നിവരുടെ ഭാഗ്യനായികയായിരുന്നു സ്വാതി. രണ്ടായിരാമാണ്ടുകളുടെ തുടക്കത്തില്‍ സിനിമയോട് താല്‍ക്കാലികമായി വിടപറയുകയും പിന്നീട് ഒരു ഇടവേളയ്ക്കുശേഷം മിനിസ്ക്രീനില്‍ അഭിനയിക്കാനെത്തുകയും ചെയ്ത ആന്ധ്രാക്കാരിയായ സ്വാതി വീണ്ടും തമിഴില്‍ ബിഗ്സ്ക്രീനില്‍ രണ്ടാമൂഴം കാത്തിരിക്കയാണ്. ചെന്നൈയില്‍ വെച്ച് കണ്ട സ്വാതിയുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ചോദിച്ചു...

എങ്ങനെയാണ് സീരിയലില്‍ എത്തിപ്പെട്ടത്...?

'ചിത്തി' എന്ന സീരിയലില്‍ അഭിനയിക്കണമെന്ന് രാധികാമാഡം എന്നോട് ആവശ്യപ്പെട്ടു. നിങ്ങള്‍ അഭിനയിക്കുന്ന സീരിയലില്‍ എനിക്ക് പ്രാധാന്യമുണ്ടാവില്ലല്ലോ അതുകൊണ്ടു വേണ്ടാ എന്ന് ഞാന്‍ പറഞ്ഞു. അടുത്തിടെ 'പാരിജാതം' എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം തേടി വന്നപ്പോഴും ഞാന്‍ നോ പറഞ്ഞു.  സീരിയല്‍ താരങ്ങളാണ് ദിവസവും ആരാധകരുടെ വീടുകളില്‍ പോകുന്നവര്‍. അതുകൊണ്ട് കഴിവുകള്‍ നഷ്ടപ്പെടുത്തരുത് എന്ന് അമ്മ പറഞ്ഞപ്പോള്‍ സീരിയലില്‍ അഭിനയിക്കാന്‍ സമ്മതിച്ചു. 

സിനിമയില്‍ അഭിനയിക്കണം എന്നത് നിങ്ങളുടെ ചെറുപ്പകാലത്തെ ആഗ്രഹമായിരുന്നോ..?

അല്ലേ, അല്ല.. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഇടയ്ക്കിടെ മോഡലിംഗ് ചെയ്യുമായിരുന്നു. ഒരു സമ്മര്‍ വെക്കേഷന്‍ കാലത്താണ് ദേവാ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. ആദ്യം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. ഒന്ന് അഭിനയിച്ചുനോക്ക് എന്നുപറഞ്ഞ് അച്ഛന്‍ പ്രോത്സാഹിപ്പിച്ചു. വിജയ്യുടെ വീട്ടില്‍ വച്ചായിരുന്നു മേക്കപ്പ് ടെസ്റ്റും ഫോട്ടോഷൂട്ടും നടത്തിയത്. അടുത്തദിവസം വിജയ്യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ സര്‍ 'നീയാണ് ഹീറോയിന്‍'എന്നുപറഞ്ഞു. അങ്ങനെയാണ് ഹീറോയിന്‍ ആയത്.

വിജയ്ക്കൊപ്പമാണ് അധികം സിനിമകള്‍ ചെയ്തത്. അജിത്തിനൊപ്പം വളരെ കുറച്ചു സിനിമയേ ചെയ്തുള്ളൂ. അജിത്തുമായി അഭിനയിച്ച അനുഭവം..?

'വാന്‍മതി' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കണം എന്നതിനായിട്ടല്ല ആ പ്രോജക്ട് സ്വീകരിച്ചത്. പടത്തിന്‍റെ ടൈറ്റില്‍ എന്‍റെ കഥാപാത്രത്തിന്‍റെ പേരിലായതുകൊണ്ടാണ് സമ്മതിച്ചത്. അന്ന് ഒരു സിനിമാപത്രത്തിന്‍റെ റിപ്പോര്‍ട്ടര്‍ അജിത് രാശിയില്ലാത്ത നടനാണ്, അദ്ദേഹത്തോടൊപ്പം അഭിനയിക്കരുത് എന്ന് എന്നോടുപറഞ്ഞു. ഞാന്‍ അത് മുഖവിലയ്ക്ക് എടുത്തില്ല. അജിത്തും വിജയ്യും ഭാവിയില്‍ വലിയ നടന്മാരായി ത്തീരും എന്ന് എന്‍റെ മനസ്സ് പറഞ്ഞു. അത് പിന്നീട് സംഭവിക്കയും ചെയ്തു.

അജിത്തും സ്വാതിയും പ്രണയിച്ചിരുന്നതായി അക്കാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു. നിങ്ങള്‍ പ്രണയിച്ചിരുന്നോ?

ഇല്ല. അത്, ഫെയിക്ക് ന്യൂസായിരുന്നു. നിങ്ങള്‍ തന്നെ പറഞ്ഞല്ലോ ഗോസിപ്പ് എന്ന്. ഞങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്ന ചിലര്‍ ക്രിയേറ്റ് ചെയ്ത നോണ്‍ സെന്‍സാണത്. ഞാന്‍ ഹൈദരാബാദില്‍ നിന്നും ചെന്നൈയില്‍ എത്തിയത് സിനിമയില്‍ അഭിനയിക്കാനാണ്. കുടുംബം സെറ്റിലാക്കാനല്ല. 'വാന്‍മതി' എന്‍റെ മൂന്നാമത്തെ സിനിമയായിരുന്നു. അതിനുശേഷം ഞാന്‍ നാല്‍പ്പത്തിയഞ്ച് 
സിനിമകളില്‍ അഭിനയിച്ചു. തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ പല ഭാഷകളില്‍ അഭിനയിച്ചു. അജിത്തിനെ പ്രേമിച്ചിരുന്നെങ്കില്‍ ഇതൊക്കെ എങ്ങനെ നടക്കും...?

ആദ്യത്തെ നായകനായ വിജയ്യോട് പറയാന്‍ ആഗ്രഹിക്കുന്നത്?

എന്‍റെ ആദ്യത്തെ നായകനായ അദ്ദേഹത്തിന്‍റെ അവസാനചിത്രമായ 'ജനനായകനി'ല്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാക്ഷാത്ക്കരിച്ചു 

എന്തുകൊണ്ടാണ് കരിയറില്‍ വലിയ ഇടവേള ഉണ്ടായത്..?

സിനിമകളില്‍ അഭിനയിച്ചില്ല എന്നത് സത്യം തന്നെ. പക്ഷേ ഞാന്‍ വെറുതെയിരിക്കയായിരുന്നില്ല. പല കോര്‍പ്പറേറ്റ് ഇവന്‍റുകളും ഹോസ്റ്റ് ചെയ്തു.. അതും വീക്കെന്‍റുകളില്‍ മാത്രം. കുടുംബവും നോക്കണമല്ലോ. ആ വര്‍ക്ക്- ലൈഫ് ബാലന്‍സിങ് വളരെ പ്രധാനമാണല്ലോ. അതുകൊണ്ടാണ് അകന്നിരുന്നത്.

ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം..?

വിജയ് സേതുപതിയെ വലിയ ഇഷ്ടമാണ്. കാഷ്വലായി അഭിനയിക്കുന്നു. ശിവകാര്‍ത്തികേയന്‍റെ അഭിനയത്തെ ആരാധിക്കുന്നു. നയന്‍താരയെ വലിയ ഇഷ്ടമാണ്. പിന്നെ ശ്രീലീലയേയും ജയപ്രദയുടേയും ശ്രീദേവിയുടേയും സൗന്ദര്യം മിക്സിയിലിട്ട് അടിച്ച് ജ്യൂസ് ഉണ്ടാക്കിയ പോലെയുണ്ട് ശ്രീലീല. നന്നായി അഭിനയിക്കുന്നുണ്ട്. നൃത്തവും നന്നായി ചെയ്യുന്നുണ്ട്.

ഒന്നര പതിറ്റാണ്ടിനുശേഷമാണ് സിനിമയില്‍ വീണ്ടും എത്തിയിരിക്കുന്നത്. ചെന്നൈ എങ്ങനെയുണ്ട്?

കഴിഞ്ഞ മഹാലയ അമാവാസി ദിവസം വടപളനി അമ്പലത്തില്‍ തൊഴാന്‍ പോയിരുന്നു. മാസ്ക് ധരിച്ചുകൊണ്ട് കടയില്‍ തേങ്ങ വാങ്ങിച്ചുകൊണ്ടിരിക്കയായിരുന്നു. ഒരാള്‍ എന്‍റെയടുത്ത് വന്ന് 'നിങ്ങള്‍ നടി സ്വാതിയല്ലേ...?' എന്നുചോദിച്ചു. എങ്ങനെകണ്ടുപിടിച്ചു എന്ന് അത്ഭുതം തോന്നി. നിങ്ങളുടെ കണ്ണുവെച്ച് ഐഡന്‍റിഫൈ ചെയ്തതാണെന്ന് അയാള്‍ പറഞ്ഞു. ചെന്നൈ എന്നെ മറന്നിട്ടില്ല. മറക്കുകയുമില്ല. അതില്‍ അത്യധികം സന്തോഷമുണ്ട്.

 

Tags
Swathi